കേരളം


ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇംഗ്ലീഷില്‍: kerala. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മലയാളമാണ് കേരളത്തിലെ പ്രധാന ഭാഷ. പടിഞ്ഞാറ്‌ അറബിക്കടല്‍, കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. കേരളത്തിന്റെ ഭൂപ്രകൃതി വൈവിധ്യം നിറഞ്ഞതാണ്‌. ലോകത്തിലെ കാണേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ ട്രാവലര്‍ മാഗസിന്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്കടലിന്റെ സാമീപ്യവും ചുരുങ്ങിയ വിസ്തൃതിക്കുള്ളില്‍ ധാരാളം നദികളുമുള്ളതിനാല്‍ കേരളം ജലഗതാഗതത്തിനു അനുയോജ്യമാണ്. കൊച്ചിയാണ് കേരളത്തിലെ പ്രധാന തുറമുഖം. നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.
ഇന്ത്യയില്‍ ഏറ്റവും സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠന വിഷയമാക്കിയിട്ടുണ്ട്‌.

കേരളചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകള്‍ കുറവാണ്. സംഘകാലം മുതല്‍ക്കുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള സുപ്രധാനമായ തെളിവുകള്‍ വച്ചു നോക്കിയാല്‍ മറ്റു സംസ്കാരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു. 5000 കൊല്ലങ്ങള്‍ക്ക് മുമ്പ് തേക്കും ആനക്കൊമ്പും മറ്റും ബാബിലോണിയയിലേക്ക് കയറ്റി അയച്ചിരുന്ന കേരളീയര്‍ ഏത് രീതിയിലാണ് ജീവിച്ചിരുന്നത്, അവരുടെ കൃഷിയും തൊഴിലുകളും മറ്റും എത്രത്തോളം അഭിവൃദ്ധിപ്പെട്ടിരുന്നു; വസ്ത്രം, ഭക്ഷണം, വീട് മുതലായ നിത്യജീവിതസാമഗ്രികള്‍ ഏതെല്ലാം തരത്തില്‍ ഉണ്ടാകുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു; കളികളും കലകളും എന്തായിരുന്നു? വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും പരിധി ഏതുവരെ വിപുലമായിരുന്നു; കുടുംബവും സമുദായവും എങ്ങിനെ സംഘടിക്കപ്പെട്ടിരുന്നു എന്നൊന്നും വ്യക്തമല്ല.
പുരതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍‍ക്ക് വിധേയമാണ് ആധുനികയുഗത്തില്‍ കാണുന്നതുപോലെ ആയിത്തീര്‍ന്നത് എന്ന് അറിഞ്ഞുകൂട. ആര്യന്‍മാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകള്‍ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങള്‍, ചെപ്പേടുകള്‍, യാത്രാകുറിപ്പുകള്‍ എന്നിവയാണ് ഇതിന്‍റെ സോത്രസ്. ഇതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ യഹൂദര്‍, ക്രിസ്ത്യാനികള്‍, അറബികള്‍, പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍), ലന്തക്കാര്‍ (ഡച്ചുകാര്‍), വെള്ളക്കാര്‍ (ഇംഗ്ലീഷുകാര്‍) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗന്‍, പത്മനാഭമേനോന്‍, ശങ്കുണ്ണിമേനോന്‍ തുടങ്ങിയവര്‍ ചരിത്രരചന നടത്തിയത്ഈ ചരിത്രരേഖകള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനില്‍ക്കുന്നവര്‍ എഴുതിയതാകയാല്‍ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാല്‍ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകള്‍ കാണും .രാജാക്കന്‍മാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാന്‍ ചരിത്രകാരന്‍മാര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതല്‍ക്കുട്ടാണ്.

നാലമ്പലം















മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം















തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. ദശരഥന്റെ നാലു പുത്രന്മാരായ രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവര്‍ക്കായി ആണ് യഥാക്രമം ഈ നാല് അമ്പലങ്ങള്‍.
മലയാള മാസമായ കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമായാണ്‌ നാലമ്പലങ്ങള്‍ ക്രമമായി സന്ദര്‍ശിക്കുന്നതിനെ മധ്യകേരളത്തിലെ ഹിന്ദുക്കള്‍‍ കണക്കാക്കുന്നത്. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പയമ്മേല്‍ ശത്രുഘ്ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍‍ യാത്ര അവസാനിപ്പിക്കുന്നു.

തൃശ്ശൂര്‍

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടുന്ന തൃശ്ശൂര്‍ പട്ടണം തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയില്‍ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെ അടുത്താണ്‌ (ചെറുതുരുത്തിയില്‍). ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരം ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ.
കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരു പാടു ഹിന്ദു ക്ഷേത്രങ്ങള്‍ ഈ നഗരത്തില്‍ ഉണ്ട്‌. നഗരത്തിന്റെ മധ്യത്തില്‍ തേക്കിന്‍ കാട്‌ മൈതാനിയില്‍ ഉള്ള വടക്കും നാഥന്‍ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. റോമിലെ ബസലിക്കയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ച 'പുത്തന്‍ പള്ളിയും' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ഇവിടെ നിന്ന് 24 കി.മി. അകലെ ആണ്‌.
മലയാള സിനിമയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച 'നീലക്കുയിലി'ന്റെ അണിയറ ശില്‍പികളില്‍ പ്രധാനിയായ രാമു കാര്യാട്ട്‌ തൃശ്ശൂര്‍ ജില്ലക്കാരനും ഈ നഗരത്തിലെ സജീവ സാന്നിധ്യവും ആയിരുന്നു. ഈ സിനിമയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടന്നത്‌ ഹൈ റോഡില്‍ ഉള്ള 'ശോഭന സ്റ്റുഡിയൊയില്‍' വെച്ചും. ചിറയങ്കീഴ്‌ സ്വദേശി പരമേശ്വരന്‍ നായര്‍ തൃശ്ശുരിലേക്ക്‌ താമസം മാറ്റി തുടങ്ങിയ സ്റ്റുഡിയോ ആയിരുന്നു ഇത്‌.
കേരള രാഷ്ട്രീയത്തിലെ 'ലീഡര്‍' കെ.കരുണാകരന്‍ തന്റെ രാഷ്ട്രീയ തട്ടകം ആയി തെരന്‍ഞ്ഞെടുത്തതും തൃശ്ശുരിനെ തന്നെ. തൃശ്ശുര്‍ പൂങ്കുന്നത്തുള്ള സീതാറാം മില്ലിലെ ഒരു തൊഴിലാളി നേതാവായാണ്‌ കെ.കരുണാകരന്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്‌. കരുണാകരന്റെ ആജീവാന്ത എതിരാളി ആയിരുന്ന ശ്രീ. നവാബ്‌ രാജേന്ദ്രന്‍ തന്റെ പത്രം 'നവാബ്‌' പ്രസിദ്ധീകരിച്ചിരുന്നതും ഇവിടെ നിന്നു തന്നെ. നീട്ടി വളര്‍ത്തിയ താടിയും, മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച്‌ സ്വാരജ്‌ റൗണ്ടില്‍ നടന്നു നീങ്ങിയിരുന്ന ഈ മനുഷ്യന്‍ തൃശ്ശുര്‍ക്കാര്‍ക്ക്‌ സുപരിചിതന്‍ ആയിരുന്നു.

ശ്രീവടക്കുംനാഥന്‍ ക്ഷേത്രം


ശ്രീവടക്കുംനാഥന്‍ ക്ഷേത്രം



ശ്രീവടക്കുംനാഥന്‍ ക്ഷേത്രത്തിന് തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രം 20 ഏക്കര്‍ വിസ്തരത്തില്‍ തൃശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു.നാലുദിക്കുകളിലായി നാലുഗോപുരങ്ങല്‍ ഉണ്ട്.
ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ടകളാണ് (പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍) ഉള്ളത്. ഉപദേവതകളായി ഗണപതി, പാര്‍വ്വതി, വേട്ടേക്കരന്‍, ഗോപാലകൃഷ്ണന്‍, പരശുരാമന്‍, ശാസ്താവ്, നാഗദേവതകള്‍, ശിവഭൂതഗണങ്ങള് ‍(നന്തി,ഋഷഭന്‍,സിംഹോദരന്‍) പ്രതിഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ടയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കിഴക്കുവടക്കുഭാഗത്തായി അര്‍ജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടില്‍ സ്ഥിതിച്ചെയ്യുന്നു. ക്ഷേത്രത്തിനുപുറത്തായി കിഴക്കുഭാഗത്ത് നടുവിലാല്‍ ഗണപതി പ്രതിഷ്ട ഉണ്ട്, തെക്കുഭാഗത്തായി മണികണ്ഠനാല്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ടിച്ചിരിക്കുന്നു.
ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക

പരശുരാമന്‍

കേരളോല്പത്തി കഥയില്‍ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി. പരശു ആയുധമാക്കിയ ഭാര്‍ഗ്ഗവപുത്രന്‍ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നു. ത്രേതായുഗത്തില്‍ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും പിന്നീട് കര്‍ണ്ണന്റെ ഗുരുവായും ആയോധനകലകള്‍ അഭ്യസിപ്പിച്ചിരുന്നു. രാമന്‍ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനര്‍വായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവര്‍ത്തത്തിന്റെ കൈയേറ്റമായിട്ടാണു് പലരും പരശുരാമന്‍ ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആഞ്ജയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു് കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളില്‍ രാമന്‍ വിവാദപുരുഷനാവുന്നു.
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളില്‍ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരാളുമാണു് പരശു ആയുധമാക്കിയ രാമന്‍.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്




ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തിനും മലയാള ഭാഷയ്ക്കും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈയില്‍ ഇന്ത്യയിലെത്തി. മദ്രാ‍സ് പ്രസിഡന്‍സിയുടെ വിവിധഭാ‍ഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബറില്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍ വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസന്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ടാണ് പരിഭാഷപ്പെടുത്തിയത്. മലയാള ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ഗുണ്ടര്‍ട്ടിന്റെ ഉറ്റ സുഹൃത്തായിരുന്നു.ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ഗുണ്ടര്‍ട്ടിന്‍റെ സ്മാരകമായി തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. പ്രശസ്ത ജര്‍മ്മന്‍ നോവലെഴുത്തുകാരനും നോബല്‍ സമ്മാനിതനുമായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്‍റെ ചെറുമകനായിരുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു.

കേരളീയ വാസ്തു വിദ്യ


കേരളീയ വാസ്തുവിദ്യ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചതാണ്. അധികം ചൂടു കടക്കാത്ത ഓടിട്ട കെട്ടിടങ്ങളാണ് പരമ്പരാഗതമായി കേരളത്തിലെ ഗൃഹങ്ങള്‍. ഒന്നോ രണ്ടോ നിലയില്‍ കൂടുതല്‍ ഈ കെട്ടിടങ്ങള്‍ കെട്ടാറില്ല. പണക്കാരുടെ വലിയ പറമ്പില്‍ നാലുകെട്ടുകളും (നടുവില്‍ ഒരു മുറ്റം ഉള്ള കെട്ടിടം) എട്ടുകെട്ടുകളും (നടുവില്‍ രണ്ടു മുറ്റങ്ങള്‍) പണ്ട് സാധാരണമായിരുന്നു. എങ്കിലും കൂടുതലായും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു പാവങ്ങള്‍ക്ക് ഉണ്ടായിരുന്നത്.
കര്‍ഷിക വൃത്തിയില്‍ മനുഷ്യന്‍ ഉരച്ചതോടു കൂടി ശീതാതപാദികളില്‍ നിന്ന് രക്ഷനേടാന്‍ ഏതെങ്കിലും തരത്തിലുള്ള അഭയസ്ഥാനം വേണമായിരുന്നു. സമ്പത്തിനനുസരിച്ച് ക്രമേണ വ്യത്യസ്തമായ ഗൃഹ നിര്‍മ്മാണ രീതികള്‍ മനുഷ്യന്‍ അവലംബിച്ചു. ആദ്യകാലങ്ങളില്‍ ഗുഹകളും മറ്റുമായിരുന്നു താമസം എങ്കില്‍ പിന്നീട് വാസ സ്ഥനങ്ങള്‍ പണിയാന്‍ തുടങ്ങി. ഇതിനായി പ്രകൃതിയിലെ വിഭവങ്ങള്‍ ആണ് ഉപയോഗപ്പെടുത്തിയത്. ഒരോ രാജ്യങ്ങളിലും വാസ്തു വിദ്യ എന്നറിയപ്പെടുന്ന ഗൃഹ-കെട്ടിട നിര്‍മ്മാണ രീതികള്‍ അതാതു സ്ഥലത്തെ പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വികസിച്ചത്.
ലോകത്ത് ഇത്തരത്തില്‍ വാസ്തു വിദ്യാ രീതികളെ ആദ്യമായി ക്രോഡീകരിച്ചത് ഒരു പക്ഷേ വിട്രൂവിയസ് ആയിരുന്നിരിക്കണം. അദ്ദേഹം ദ് ആര്‍ക്കിറ്റെക്ചുറാ എന്ന തന്‍റെ പുസ്തകത്തില്‍ ഗ്രീക്ക്-ലാറ്റിന്‍ വാസ്തുവിദ്യയെ വിശദമായി പ്രതിപാദിക്കുന്നുണ്ട്