മലയാളഭാഷയുടെ ചരിത്രം
ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം ആദികാലത്ത് ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേല്‍ക്കോയ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഈ ഒരു കാലയളവില്‍ അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഈ ഒരു കാരണത്താല്‍ തന്നെ എല്ലാ തമിഴ്നാട്ടുകാര്‍ക്കും പരസ്പരസംസര്‍ഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതികള്‍ കേരളദേശത്തില്‍ സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. ചുരുക്കം ചില പ്രാദേശിക പദങ്ങളൊഴികെ ഈ കാലയളവില്‍ തമിഴ്ഭാഷയും മലയാളഭാഷയും ഒന്നെന്നു തന്നെ ആയിരുന്നുവെന്നു കരുതുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാര് ഭരിച്ചിരുന്നതും ഈ കാലത്തു തന്നെയായിരുന്നു. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങള്‍ ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ടു ഇതേ കാലയളവിലാണു അവസാനത്തെ പെരുമാളായ ഭാസ്കരരവിവര്‍മ്മ ചേരമാന്‍ പെരുമാള്‍ സ്വരാജ്യം മുഴുവന്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങള്‍ക്കായെങ്കിലും തമിഴ്നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുര്‍ഘടമായ കിഴക്കന്‍ മലകള്‍ താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂര്‍വ്വവുമായി. ഭാഷാപരമായി ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനു ഈ അകല്‍ച്ച കാരണമായി എന്നു വേണം കരുതുവാന്‍.
Subscribe to:
Posts (Atom)