മലയാളഭാഷയുടെ ചരിത്രം

ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം ആദികാലത്ത് ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേല്‍ക്കോയ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഈ ഒരു കാലയളവില്‍ അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഈ ഒരു കാരണത്താല്‍ തന്നെ എല്ലാ തമിഴ്‌നാട്ടുകാര്‍ക്കും പരസ്പരസംസര്‍ഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതികള്‍ കേരളദേശത്തില്‍ സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. ചുരുക്കം ചില പ്രാദേശിക പദങ്ങളൊഴികെ ഈ കാലയളവില്‍ തമിഴ്ഭാഷയും മലയാളഭാഷയും ഒന്നെന്നു തന്നെ ആയിരുന്നുവെന്നു കരുതുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാര്‍ ഭരിച്ചിരുന്നതും ഈ കാലത്തു തന്നെയായിരുന്നു. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങള്‍ ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ടു ഇതേ കാലയളവിലാണു അവസാനത്തെ പെരുമാളായ ഭാസ്കരരവിവര്‍മ്മ ചേരമാന്‍ പെരുമാള്‍ സ്വരാജ്യം മുഴുവന്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങള്‍ക്കായെങ്കിലും തമിഴ്‌നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുര്‍ഘടമായ കിഴക്കന്‍ മലകള്‍ താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂര്‍വ്വവുമായി. ഭാഷാ‍പരമായി ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനു ഈ അകല്‍ച്ച കാരണമായി എന്നു വേണം കരുതുവാന്‍.

കേരളം


ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇംഗ്ലീഷില്‍: kerala. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മലയാളമാണ് കേരളത്തിലെ പ്രധാന ഭാഷ. പടിഞ്ഞാറ്‌ അറബിക്കടല്‍, കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. കേരളത്തിന്റെ ഭൂപ്രകൃതി വൈവിധ്യം നിറഞ്ഞതാണ്‌. ലോകത്തിലെ കാണേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ ട്രാവലര്‍ മാഗസിന്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്കടലിന്റെ സാമീപ്യവും ചുരുങ്ങിയ വിസ്തൃതിക്കുള്ളില്‍ ധാരാളം നദികളുമുള്ളതിനാല്‍ കേരളം ജലഗതാഗതത്തിനു അനുയോജ്യമാണ്. കൊച്ചിയാണ് കേരളത്തിലെ പ്രധാന തുറമുഖം. നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.
ഇന്ത്യയില്‍ ഏറ്റവും സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠന വിഷയമാക്കിയിട്ടുണ്ട്‌.

കേരളചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകള്‍ കുറവാണ്. സംഘകാലം മുതല്‍ക്കുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള സുപ്രധാനമായ തെളിവുകള്‍ വച്ചു നോക്കിയാല്‍ മറ്റു സംസ്കാരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു. 5000 കൊല്ലങ്ങള്‍ക്ക് മുമ്പ് തേക്കും ആനക്കൊമ്പും മറ്റും ബാബിലോണിയയിലേക്ക് കയറ്റി അയച്ചിരുന്ന കേരളീയര്‍ ഏത് രീതിയിലാണ് ജീവിച്ചിരുന്നത്, അവരുടെ കൃഷിയും തൊഴിലുകളും മറ്റും എത്രത്തോളം അഭിവൃദ്ധിപ്പെട്ടിരുന്നു; വസ്ത്രം, ഭക്ഷണം, വീട് മുതലായ നിത്യജീവിതസാമഗ്രികള്‍ ഏതെല്ലാം തരത്തില്‍ ഉണ്ടാകുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു; കളികളും കലകളും എന്തായിരുന്നു? വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും പരിധി ഏതുവരെ വിപുലമായിരുന്നു; കുടുംബവും സമുദായവും എങ്ങിനെ സംഘടിക്കപ്പെട്ടിരുന്നു എന്നൊന്നും വ്യക്തമല്ല.
പുരതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍‍ക്ക് വിധേയമാണ് ആധുനികയുഗത്തില്‍ കാണുന്നതുപോലെ ആയിത്തീര്‍ന്നത് എന്ന് അറിഞ്ഞുകൂട. ആര്യന്‍മാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകള്‍ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങള്‍, ചെപ്പേടുകള്‍, യാത്രാകുറിപ്പുകള്‍ എന്നിവയാണ് ഇതിന്‍റെ സോത്രസ്. ഇതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ യഹൂദര്‍, ക്രിസ്ത്യാനികള്‍, അറബികള്‍, പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍), ലന്തക്കാര്‍ (ഡച്ചുകാര്‍), വെള്ളക്കാര്‍ (ഇംഗ്ലീഷുകാര്‍) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗന്‍, പത്മനാഭമേനോന്‍, ശങ്കുണ്ണിമേനോന്‍ തുടങ്ങിയവര്‍ ചരിത്രരചന നടത്തിയത്ഈ ചരിത്രരേഖകള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനില്‍ക്കുന്നവര്‍ എഴുതിയതാകയാല്‍ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാല്‍ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകള്‍ കാണും .രാജാക്കന്‍മാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാന്‍ ചരിത്രകാരന്‍മാര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതല്‍ക്കുട്ടാണ്.