പരശുരാമന്‍

കേരളോല്പത്തി കഥയില്‍ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി. പരശു ആയുധമാക്കിയ ഭാര്‍ഗ്ഗവപുത്രന്‍ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നു. ത്രേതായുഗത്തില്‍ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും പിന്നീട് കര്‍ണ്ണന്റെ ഗുരുവായും ആയോധനകലകള്‍ അഭ്യസിപ്പിച്ചിരുന്നു. രാമന്‍ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനര്‍വായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവര്‍ത്തത്തിന്റെ കൈയേറ്റമായിട്ടാണു് പലരും പരശുരാമന്‍ ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആഞ്ജയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു് കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളില്‍ രാമന്‍ വിവാദപുരുഷനാവുന്നു.
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളില്‍ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരാളുമാണു് പരശു ആയുധമാക്കിയ രാമന്‍.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്




ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തിനും മലയാള ഭാഷയ്ക്കും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈയില്‍ ഇന്ത്യയിലെത്തി. മദ്രാ‍സ് പ്രസിഡന്‍സിയുടെ വിവിധഭാ‍ഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബറില്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍ വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസന്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ടാണ് പരിഭാഷപ്പെടുത്തിയത്. മലയാള ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ഗുണ്ടര്‍ട്ടിന്റെ ഉറ്റ സുഹൃത്തായിരുന്നു.ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ഗുണ്ടര്‍ട്ടിന്‍റെ സ്മാരകമായി തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. പ്രശസ്ത ജര്‍മ്മന്‍ നോവലെഴുത്തുകാരനും നോബല്‍ സമ്മാനിതനുമായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്‍റെ ചെറുമകനായിരുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു.

കേരളീയ വാസ്തു വിദ്യ


കേരളീയ വാസ്തുവിദ്യ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചതാണ്. അധികം ചൂടു കടക്കാത്ത ഓടിട്ട കെട്ടിടങ്ങളാണ് പരമ്പരാഗതമായി കേരളത്തിലെ ഗൃഹങ്ങള്‍. ഒന്നോ രണ്ടോ നിലയില്‍ കൂടുതല്‍ ഈ കെട്ടിടങ്ങള്‍ കെട്ടാറില്ല. പണക്കാരുടെ വലിയ പറമ്പില്‍ നാലുകെട്ടുകളും (നടുവില്‍ ഒരു മുറ്റം ഉള്ള കെട്ടിടം) എട്ടുകെട്ടുകളും (നടുവില്‍ രണ്ടു മുറ്റങ്ങള്‍) പണ്ട് സാധാരണമായിരുന്നു. എങ്കിലും കൂടുതലായും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു പാവങ്ങള്‍ക്ക് ഉണ്ടായിരുന്നത്.
കര്‍ഷിക വൃത്തിയില്‍ മനുഷ്യന്‍ ഉരച്ചതോടു കൂടി ശീതാതപാദികളില്‍ നിന്ന് രക്ഷനേടാന്‍ ഏതെങ്കിലും തരത്തിലുള്ള അഭയസ്ഥാനം വേണമായിരുന്നു. സമ്പത്തിനനുസരിച്ച് ക്രമേണ വ്യത്യസ്തമായ ഗൃഹ നിര്‍മ്മാണ രീതികള്‍ മനുഷ്യന്‍ അവലംബിച്ചു. ആദ്യകാലങ്ങളില്‍ ഗുഹകളും മറ്റുമായിരുന്നു താമസം എങ്കില്‍ പിന്നീട് വാസ സ്ഥനങ്ങള്‍ പണിയാന്‍ തുടങ്ങി. ഇതിനായി പ്രകൃതിയിലെ വിഭവങ്ങള്‍ ആണ് ഉപയോഗപ്പെടുത്തിയത്. ഒരോ രാജ്യങ്ങളിലും വാസ്തു വിദ്യ എന്നറിയപ്പെടുന്ന ഗൃഹ-കെട്ടിട നിര്‍മ്മാണ രീതികള്‍ അതാതു സ്ഥലത്തെ പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വികസിച്ചത്.
ലോകത്ത് ഇത്തരത്തില്‍ വാസ്തു വിദ്യാ രീതികളെ ആദ്യമായി ക്രോഡീകരിച്ചത് ഒരു പക്ഷേ വിട്രൂവിയസ് ആയിരുന്നിരിക്കണം. അദ്ദേഹം ദ് ആര്‍ക്കിറ്റെക്ചുറാ എന്ന തന്‍റെ പുസ്തകത്തില്‍ ഗ്രീക്ക്-ലാറ്റിന്‍ വാസ്തുവിദ്യയെ വിശദമായി പ്രതിപാദിക്കുന്നുണ്ട്